പുരസ്‌കാര നിറവിൽ ‘വെയിൽ മരങ്ങൾ’; സന്തോഷം പങ്കുവെച്ച് ഇന്ദ്രൻസ്

June 24, 2019

പുരസ്‌കാര നിറവിൽ ഡോക്‌ടർ ബിജു ചിത്രം വെയിൽമരങ്ങൾ.. ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ “ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ  പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ് ‘ പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും വെയിൽമരങ്ങൾ സ്വന്തമാക്കി.

ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അന്താരാഷ്ട്ര മേളകളുടെ ആധികാരിക നേതൃത്വമായ ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള
ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്‌ഹായ്‌ലേത്. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ്ഹായി മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യൻ സിനിമ ഇതിന് മുൻപ് മത്സരിക്കുന്നത് 2012 ൽ ആണ്. ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു ആ ചിത്രം. ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള
3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ്
മത്സരത്തിനായി തിരഞ്ഞെടുത്തത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എം.ജെ.രാധാകൃഷ്ണൻ, ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ എന്നിവരാണ്.