ശ്രദ്ധിച്ചിരുന്നോ, ലൂസിഫറിലെ ഈ 58 അബദ്ധങ്ങള്‍: വീഡിയോ

July 27, 2019

മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ‘ലൂസിഫര്‍’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങളും കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ചില അബദ്ധങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന വീഡിയോ. അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല” എന്ന മുഖവരയോടുകൂടിയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ.

സമയം, വസ്ത്രത്തിന്റെ നിറം, ക്യാമറയുടെ നിഴല്‍… ഇങ്ങനെ നീളുന്ന ചിത്രത്തിലെ ചില തെറ്റുകള്‍. ഇവ ഓരോന്നും സസൂഷ്മം വിലയിരുത്തുന്നുണ്ട് ഈ വീഡിയോയില്‍.

അതേസമയം ‘ലൂസിഫര്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. ‘എമ്പുരാന്‍’ എന്നാണ് ലൂസിഫറിന്റെ തുടര്‍ച്ചയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ക്കഥയല്ല. ലൂസിഫറിലെ കഥാപാത്രങ്ങളുടെ പോയ കാലവും ലൂസിഫറിന്റെ തുടര്‍ച്ചയുമായിരിക്കും ചിത്രത്തിലുണ്ടാവുക. അടുത്തവര്‍ഷം എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കും. എന്തായാലും ഈ പ്രഖ്യാപനവും നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരു കൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.

ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.

ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന്‍ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.