കുട്ടിജാനുവായി വീണ്ടും ഗൗരി കിഷന്‍; ’96’ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

July 2, 2019

മികച്ച പ്രതികരണം നേടി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. 96 ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവിസ്മരണീയമാക്കി അവതരിപ്പിച്ച ഗൗരി കിഷനും വെള്ളിത്തിരയില്‍ കൈയടി നേടിയരുന്നു. 96 ലെ ഗൗരിയുടെ അഭിനയമികവും എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി. ഗൗരി കിഷന്‍ വീണ്ടും കുട്ടി ജാനു ആകുന്നു. തമിഴിലല്ല, തെലുങ്കില്‍. 96 ന്റെ തെലുങ്ക് പതിപ്പിലാണ് ഗൗരി ജി കിഷന്‍ വീണ്ടും കുട്ടിജാനുവായി എത്തുന്നത്.

തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ തെലുങ്കില്‍ സമാന്തയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ഷര്‍വ്വാനന്ദാണ് അവതരിപ്പിക്കുന്നത്. അതേസമയം തമിവില്‍ 96 സംവിധാനം ചെയ്ത പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ 96 കന്നഡയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. 99 എന്നായിരുന്നു കന്നഡ റീമേക്കിന്റെ പേര്. അതേസമയം മലയാളികളുടെ പ്രിയതാരം ഭാവനയാണ് 99 എന്ന ചിത്രത്തില്‍ നായികയായെത്തിയത്. ഗണേഷായിരുന്നു നായകകഥാപാത്രം. 99 എന്ന ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടയിരുന്നു.

Read more:ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങള്‍; ‘താക്കോല്‍’ ഒരുങ്ങുന്നു

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഗൗരി. അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.