അതിശയിപ്പിച്ച് ഗിന്നസ് പക്രു; ‘ഫാന്‍സി ഡ്രസ്സ്’ ടീസര്‍ ശ്രദ്ധേയമാകുന്നു
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം ചെറുതല്ല. മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ഫാന്‍സി ഡ്രസ്സ്’ എന്നാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ രഞ്ജിത്ത് സ്കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്. ജൂലൈ 19 ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകല്ക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. അതേസമയം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. നര്‍മ്മരസങ്ങളും ടീസറില്‍ ഇടംനേടിയിട്ടുണ്ട്.
‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ഗിന്നസ് പക്രു നേരത്തെ മുതല്‍ക്കെ പങ്കുവെയ്ക്കാറുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗോവ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ‘ഫാന്‍സി ഡ്രസ്സ്’ ഒരു കോമഡി ചിത്രമാണെന്നും ചിത്രത്തില്‍ മൂന്നു നായകന്മാരും രണ്ട് നായികമാരുമാണുള്ളതെന്നും ഗിന്നസ് പക്രു നേരത്തെ ആരാധകരോട് വ്യക്തമാക്കിയിരുന്നു. മൂന്നു നായകന്മാരില് ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്വേത മേനോന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read more:ഈ കുരുന്നുകളുടെ സ്ഥാപനത്തിന് പിന്നിലൊരു കഥയുണ്ട്; സ്നേഹത്തിന്റെയും വേദനയുടെയും കാരുണ്യത്തിന്റെയും കഥ
‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്, സംവിധായകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.