‘മൂപ്പരെ കണ്ടിട്ടൊരു മാന്യനാണെന്ന് തോന്നുന്നു’; സസ്‌പെൻസും തമാശയും നിറച്ച് ‘ഫാൻസി ഡ്രസ്സ്’ ട്രെയ്‌ലർ

July 30, 2019

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ ഗിന്നസ്  പക്രു പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഫാന്‍സി ഡ്രസിനുണ്ട്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തിൽ ഇരുവരും സഹോദരന്മാരായാണ് എത്തുന്നത്.

ആഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.

ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ഗിന്നസ് പക്രു നേരത്തെ മുതല്‍ക്കെ പങ്കുവെയ്ക്കാറുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗോവ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ‘ഫാന്‍സി ഡ്രസ്സ്’ ഒരു കോമഡി ചിത്രമാണെന്നും ചിത്രത്തില്‍ മൂന്നു നായകന്‍മാരും രണ്ട് നായികമാരുമാണുള്ളതെന്നും ഗിന്നസ് പക്രു നേരത്തെ ആരാധകരോട് വ്യക്തമാക്കിയിരുന്നു. മൂന്നു നായകന്മാരില്‍ ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.