വ്യാജന്മാരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഫെഫ്ക

July 30, 2019

എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണ് ഇത്. എന്തിനേറെ പറയുന്നു, സാമൂഹ്യ മാധ്യമങ്ങളിലുമുണ്ട് വ്യാജ പ്രൊഫൈലുകളും ഗ്രൂപ്പുകളും പേജുകളുമൊക്കെ. സിനിമാ സംഘടനകളുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പേജുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫെഫ്ക വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫെഫ്ക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ബഹുമാനപ്പെട്ട FEFKA അംഗങ്ങളുടെയും, പൊതുജനങ്ങളുടെയും ശ്രദ്ധക്ക്,
ഈ അടുത്ത കാലത്ത് ‘സിനിമ സംഘടനകള്‍’ എന്ന പേരില്‍ ചില വ്യാജ സംഘടനകള്‍ പൊട്ടി മുളച്ചത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതില്‍ അവസാനത്തേതിന് പേര് കൊണ്ട് ‘FEFKA’ യോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെ സംഘടന അതിനെ കാണുന്നു . ഒരു തരത്തിലുള്ള അഫിലിയേഷനോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സിനിമാ സംഘടനയെന്ന് തെറ്റിദ്ധരിച്ചു വരുന്നവരോടെല്ലാം ഒരു മാനദണ്ഡവും നോക്കാതെ കാശ് വാങ്ങി കാര്‍ഡ് നല്‍കുന്നതോടെ യഥാര്‍ഥ സിനിമ പ്രവര്‍ത്തകരായ നമുക്ക് സമൂഹത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പല തരത്തിലാണ്. മേല്പറഞ്ഞ ‘വ്യാജ കാര്‍ഡ് ‘ കൈക്കലാക്കുന്നവര്‍ കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നടത്തുന്ന പലവിധത്തിലുള്ള തട്ടിപ്പുകള്‍,
സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി പണപ്പിരിവ്, സ്ത്രീകളോട് മോശമായി പെരുമാറുക, ഗുണ്ടായിസം തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങള്‍ ഖേദകരമാണ്. അംഗങ്ങള്‍ ജാഗരൂകരാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ സംഘടനയെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.