ഇനി ബിജു മേനോന്‍റെ ‘ആദ്യരാത്രി’; ഫസ്റ്റ്‌ലുക്ക് ശ്രദ്ധേയമാകുന്നു

July 17, 2019

പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മലയാളികളുടെ പ്രിയതാരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിച്ച ‘വെള്ളിമൂങ്ങ’. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. ‘ആദ്യരാത്രി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നതും.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു ുറിച്ചുകൊണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്‌റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിജു മേനോന്‍ നായകനായെത്തുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം. സംവൃതാ സുനിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം സംവൃതാ സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയ്ക്കുണ്ട്.

Read more:”ഓരോ ടൈപ്പ് മനുഷ്യന്‍മാര് അല്ലേ മോളേ…”വീണ്ടും ഹീറോ ആയി ഷമ്മി, കുമ്പളങ്ങി നൈറ്റ്സിലെ പ്രേക്ഷകര്‍ കാണാത്ത ഒരു രംഗമിതാ…

ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ദൃശ്യഭംഗിയിലും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്.