പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി; ആശംസകളുമായി ആരാധകരും താരങ്ങളും

July 27, 2019

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങൾ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ഇന്ന് അന്‍പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ  എത്തിയിരിക്കുന്നത്.  സംഗീത ലോകത്ത് നിന്നും  ആരാധകർക്കിടയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയത്.

പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍…’ എന്നാണ് ചിത്രയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഗായിക സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഗായിക മഞ്ജരിയും ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.