വിവാദ പരാമര്‍ശം: മെസ്സിക്ക് വിലക്കും പിഴയും

July 24, 2019

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴയും. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ അഴിമതി ആരോപണം നടത്തിയതിനാണ് താരത്തിന് വിലക്കും പിഴയും ലഭിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ നിന്നാണ് വിലക്ക്. 1500 ഡോളര്‍ പിഴയും.

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച നടപടിയെയും സംഘാടകരെയും മെസ്സി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് താരത്തിന് വിലക്കും പിഴയും. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് മെസ്സിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. മെസ്സിയുടെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

വിലക്ക് പ്രകാരം 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളിക്കാന്‍ സാധിക്കില്ല.

Read more:‘റഹ്മാന്‍ വിസ്മയം’, കൈയടി നേടി വിജയ് ചിത്രം ‘ബിഗില്‍’ ലെ പാട്ട്; മണിക്കൂറുകള്‍ക്കൊണ്ട് 30 ലക്ഷത്തോളം കാഴ്ചക്കാര്‍: വീഡിയോ2019

അതേസമയം കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്‍രില്‍ ചിലിക്കെതിരെയായിരുന്നു മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള അര്‍ജന്റീനയുടെ മത്സരം. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പേ മെസ്സിക്ക് കളം വിടേണ്ടി വന്നു. മത്സരത്തിന് ശേഷം റഫറിക്കെതിരെ വിമര്‍ശനങ്ങളുമായി മെസ്സി രംഗത്തെത്തുകയായിരുന്നു. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇക്കാരണത്താലാണ് താരത്തിനെതിരെ നടപടിയെടുത്തത്.