കാത്തിരിപ്പിന് വിരാമം; തല അജിത്ത് നായകനായെത്തുന്ന ‘നേര്‍കൊണ്ട പാര്‍വൈ’ ഓഗസ്റ്റില്‍

July 16, 2019

തമിഴകത്തു മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് അജിത്. ;തല’ എന്ന് ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്നു. വിത്യസ്ത കഥാപാത്രങ്ങളിലൂടെ എക്കാലത്തും വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് തല അജിത്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.

നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രമായാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കബൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെ തകര്‍പ്പന്‍ ആക്ഷനും ഡയലോഗുമാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം. നിറയെ സസ്‌പെന്‍സ് ഒളിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലര്‍ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.

Read more:കാണാതായിട്ട് മാസങ്ങള്‍, ഒടുവില്‍ ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ പരിപാടിയിലൂടെ ടിവിയില്‍ കണ്ടു; രക്ഷാഭവനില്‍ നിന്നും സന്തോഷ് കുമാര്‍ വീട്ടിലേക്ക്

‘പിങ്ക്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അജിത്തിന്റെ ലുക്കും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസിലും പിങ്ക് സൂപ്പര്‍ഹിറ്റായിരുന്നു.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.