ഡോക്ടേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുള്ള സായൂന്‍റെ കുസൃതിച്ചിത്രം പങ്കുവച്ച് ഗായിക സിത്താര

July 1, 2019

മികവാര്‍ന്ന ആലാപനംകൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട സിത്താര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നക്ഷത്ര തിളക്കത്തോടെ ശോഭിച്ചുനില്‍ക്കുന്നു. സിത്താരയ്‌ക്കൊപ്പംതന്നെ പലപ്പോഴും മകള്‍ സായുവും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സിത്താരയുടെ കുഞ്ഞുമകള്‍ സാവന്‍ ഋതുവിനെ ആരാധകരും സായു എന്നാണ് വിളിക്കാറ്. ഇപ്പോഴിതാ ഈ ഡോക്ടേഴ്‌സ് ഡേയില്‍ മകളുടെ മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സിത്താര. സിത്താരയുടെ ഭര്‍ത്താവും ഡോക്ടറുമായ എം സജീഷുമൊത്തുള്ള മകളുടെ കുസൃതിച്ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സജീഷിനെ മകള്‍ കുഞ്ഞുസായു പ്ലാസ്റ്റിക് കണ്ണടയും സ്റ്റെതസ്‌കോപ്പുമെല്ലാം നല്‍കി പശുവിനെ ചികത്സിപ്പിക്കുന്ന വിവിധ ചിത്രങ്ങളാണ് ‘ഹാപ്പി ഡോക്ടേഴ്‌സ് ഡേ’ എന്ന കുറിപ്പോടെ സിത്താര സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. രസകരമായ കമന്റുകള്‍ നല്‍കി ആരാധകരും ചിത്രം ഏറ്റെടുത്തു.

അടുത്തിടെ സിത്താരയും സായുവും ചേര്‍ന്നുപാടിയ ഒരു ഗാനവും സോഷ്യല്‍മീഡിയയില്‍ കൈയടി നേടിയിരുന്നു. ‘ഉയരെ’ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന മനോഹര ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ പ്രണയത്തിന്റെ ഭാവങ്ങള്‍ പകര്‍ന്ന നീ മുകിലോ എന്ന മനോഹര ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായ ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ എന്ന പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് സിത്താര. സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുട്ടിപ്പാട്ടുകാരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള സംഗീത പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍.