‘ഉല്ലാസം’ ചിത്രീകരണം പുരോഗമിക്കുന്നു; ഷെയ്ന്റെ നായികയായി പവിത്ര ലക്ഷ്മി
മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ ലുക്കിൽ ഷെയ്ൻ നിഗം എത്തുന്നത്. നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം.
പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ തൈരാക്കിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യയിലെ പ്രശസ്ത നൃത്ത സംവിധായകൻ ബാബ ഭാസ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ഡാനിയേൽ കേൾക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന. മധു നീലകണ്ഠൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് വിദ്യാസാഗറാണ്.
ഇഷ്കാണ് ഷൈൻ നിഗത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം. സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇഷ്ക്.