ഫുട്‌ബോള്‍ കോച്ചായ മൈക്കിള്‍; ‘ബിഗിലി’ലെ ഒരു വിജയ് കഥാപാത്രം ഇങ്ങനെ

July 2, 2019

ഭാഷാഭേദമന്യേ തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ബിഗില്‍ എന്നാണ് സിനിമയുടെ പേര്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നതും. അതേസമയം ‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലിവിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്.

തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ഇത് ശരിവയ്ക്കുന്നതാണ് വിജയ് യുടെ ഒരു ഗെറ്റപ്പും. ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്നതാണ് താരത്തിന്റെ ഒരു ലുക്ക്. ചിത്രത്തില്‍ വിജയ് യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ഭാവമാണ് പോസ്റ്ററിലെ താരത്തിന്റെ മറ്റൊരു ലുക്ക്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ആകാംഷ ഉണര്‍ത്തുന്നു വിജയ് യുടെ ഈ കലിപ്പ് ലുക്ക്.

Read more:‘മായാ മഴവില്ലായി….’; ഹൃദയംതൊട്ട് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിലെ ഗാനം

അതേസമയം ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന ഫുട്‌ബോള്‍ കോച്ച് കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. മൈക്കിള്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. വനിതാ ദേശീയ ടീം ഹെഡ് കോച്ചായാണ് വിജയ് എത്തുക.

നയന്‍താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.