കുസൃതിച്ചിരിയോടെ നസ്രിയ; കൈയില്‍ പുഞ്ചിരി തൂകി ജൂനിയര്‍ സൗബിന്‍; വീഡിയോ

August 5, 2019

വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് സൗബിന്‍ സാഹിര്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അമ്പിളി’. ജോണ്‍പോള്‍ ജോര്‍ജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പുറമെ നസ്രിയ, കുഞ്ചാക്കോ ബോബന്‍. ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി പേര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. എന്നാല്‍ ഓഡിയോ ലോഞ്ചില്‍ താരമായത് നസ്രിയയും ജൂനിയര്‍ സൗബിനുമാണ്.

സൗബിന്റെ മകന്‍ ഒര്‍ഹാന്‍ സൗബിനും നസ്രിയയുമാണ് സാമൂഹ്യമാധ്യമങ്ങളിലും കൈയടി നേടുന്നത്. ക്യാമറക്കണ്ണുകളെല്ലാം ഈ ജൂനിയര്‍ സൗബിനെ ഒപ്പിയെടുത്തു. ഒര്‍ഹാന്റെയും നസ്രിയയുടെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന് മകന്‍ പിറന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞുമകന്റെ ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ താരം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. നിരവധി താരനിരകള്‍ ഒര്‍ഹാന്‍ സൗബിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.

Read more:കുസൃതിച്ചിരിയോടെ നസ്രിയ; കൈയില്‍ പുഞ്ചിരി തൂകി ജൂനിയര്‍ സൗബിന്‍; വീഡിയോ

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തിയത്.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.