ഇത് മലയാളികൾക്ക് അഭിമാന നിമിഷം; മൂന്നാമതും അവാർഡ് നിറവിൽ ഗിന്നസ് പക്രു…

August 6, 2019

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടത്തിന് അർഹനായിരിക്കുകയാണ് ഗിന്നസ് പക്രു. ഫാൻസി ഡ്രസ്സ് എന്ന ചിത്രം നിർമ്മിച്ചാണ് താരം ഈ നേട്ടത്തിന് അർഹത നേടിയത്. ഇതോടെ മൂന്നാമതും ഗിന്നസ് നേടിയിരിക്കുകയാണ് നടനും സംവിധായകനും പുറമെ നിർമ്മാതാവും കൂടിയാകുന്ന ഉയരം കുറഞ്ഞ ആളെന്ന ഖ്യാതിയിൽ പക്രു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽവച്ച് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് അധികൃതർ റെക്കോർഡ് രേഖ പക്രുവിന് കൈമാറി.

ഡാവിഞ്ചി സുരേഷ് നിർമിച്ച പക്രുവിന്റെ സൈക്കിൾ ചവിട്ടുന്ന ശിൽപവും ചടങ്ങിൽ അനാവരണം ചെയ്തു. ഗിന്നസ് പക്രു നിർമ്മിച്ച ഫാൻസി ഡ്രസ്സ് എന്ന ചിത്രത്തിൽ താരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബെൻ കുട്ടൻ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഈ മാതൃകയിലാണ് ശില്പം  നിർമ്മിച്ചിരിക്കുന്നത്.

‘അത്ഭുത ദ്വീപ്’ എന്ന ചിത്രത്തിലൂടെ ഏറ്റവും ചെറിയ അഭിനേതാവിനുള്ള ഗിന്നസ് താരത്തിന് ലഭിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം സംവിധാനം നിർവഹിച്ച ‘കുട്ടിം കോലും’ എന്ന ചിത്രത്തിലൂടെ ഏറ്റവും ചെറിയ സംവിധായകനുള്ള ഗിന്നസും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും ചെറിയ നിർമ്മാതാവിനുള്ള ഗിന്നസ് അദ്ദേഹത്തെ തേടിയെത്തിയത്.

സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി.

Read also: മലയാളി പ്രേക്ഷകർക്ക് ചെറുതല്ല, വലിയവനാണ് ഈ നടൻ; ലാളിത്യം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ഇന്ദ്രൻസ്

ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഫാൻസി ഡ്രസ്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ്  ഫാൻസി ഡ്രസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.