അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട, മനോഹരം ഈ പ്രണയം: വീഡിയോ ഗാനം

August 26, 2019

കുറഞ്ഞ കാലയളവുകൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇരുവരും ഒരുമിച്ചെത്തുന്ന  ചിത്രമാണ് ഡിയര്‍ കോമ്രേഡ്. പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഡിയര്‍ കോമ്രേഡിലെ ഒരു മനോഹര പ്രണയ ഗാനം. ‘കടലല്ലേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം കൈയടികളോടെ യുട്യൂബില്‍ മുന്നേറുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞു.

റഹ്മാന്റേതാണ് ഗാനത്തിലെ വരികള്‍. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനും ചേര്‍ന്നാണ് ആലാപനം. ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ…’, ‘കണ്ണാന കണ്ണേ…’ ‘മധുപോലെ പെയ്ത മഴയില്‍…’, ‘പറയുവാന്‍ ഇതാദ്യമായി…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഗായകനാണ് സിദ് ശ്രീറാം.

Read more:അതിശയമാണ് സൗബിന്‍; കൈയടി നേടി ‘അമ്പിളി’യിലെ പാട്ട്

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.