ചിരിക്കൊപ്പം കുറച്ച് ചിന്തയും; കേരളാ പൊലീസിന്‍റെ ടിക് ടോക്കിന് വന്‍ വരവേല്‍പ്പ്: വീഡിയോ

August 3, 2019

സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്യമായ രീതിയില്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കിക്കൊണ്ട് ശ്രദ്ധേയമാണ് കേരളാ പൊലീസ്. ഫെയ്‌സ്ബുക്കില്‍ മാത്രമല്ല ടിക്ക് ടോക്കിലും കേരളാ പൊലീസ് താരമായിക്കഴിഞ്ഞു. ചിരിക്കൊപ്പം ജനങ്ങളെ ചിന്തിപ്പിക്കുന്ന ടിക് ടോക്ക് വീഡിയോയാണ് കേരളാ പൊലീസിന്റെത്. സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നതും.

ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. നിരവധി ആളുകള്‍ പൊലീസിന്റെ ടിക് ടോക്ക് വീഡിയോക്ക് ആശംസകളും പിന്തുണയും അറിയിച്ച് രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമാതാരം സൈജു കുറുപ്പ് കേരളാ പൊലീസിന്റെ ടിക് ടോക്ക് സാന്നിധ്യത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. ‘കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് നിങ്ങളെപ്പോലെ ഞാനും പിന്തുടരുന്നുണ്ട്. പല അറിവുകളും ട്രോളുകളുടെ രൂപത്തില്‍ നമുക്ക് ലഭിക്കാറുണ്ട്. മലയാളികള്‍ ടിക് ടോക് ഉപയോഗത്തിലും മുന്നിലാണ്. ആ പാത പിന്തുടര്‍ന്ന് കേരള പൊലീസ് എത്തിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. കേരളാ പൊലീസിന് എന്റെ അഭിവാദ്യങ്ങള്‍.’ സൈജു വീഡിയോയില്‍ പറയുന്നു.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016 ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.