അന്നും ഇന്നും ലാൽ ഡിഫറന്‍റാണ്…!! പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 27, 2019

അഭിനയംകൊണ്ടും ശബ്ദംകൊണ്ടും രൂപം കൊണ്ടുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് നടനും സംവിധായകനുമായ ലാൽ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ പഴയകാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 32 വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹചിത്രമാണ് താരം പങ്കുവച്ചത്.

അതേസമയം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. അന്നും  ഫ്രീക്കനാണല്ലോ, വിവാഹമംഗളാശംസകൾ എന്നിങ്ങനെയാണ് കമന്റുകൾ നൽകുന്നത്.

അതേസമയം ലാലിന്റേതായി ഇനി വെള്ളിത്തിരയിൽ എത്താനുള്ള ചിത്രം സഹോ ആണ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ  ശ്രദ്ധ കപൂറാണ് നായികാ കഥാപാത്രമായെത്തുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ എന്നാണ് സൂചന. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

അതേസമയം ‘പെങ്ങളില’യാണ് അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന വൃദ്ധനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന  ചിത്രമാണ് ‘പെങ്ങളില’. ടി വി ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അഴകൻ എന്ന വീട്ടുജോലിക്കാരനായാണ് ലാൽ എത്തുന്നത്. ലാലിനു പുറമെ നരേന്‍, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.