റിലീസിനൊരുങ്ങി ‘ലൗ ആക്ഷൻ ഡ്രാമ’; ദിനേശനേയും ശോഭയേയും കാത്ത് ആരാധകർ

August 31, 2019

നിവിൻ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓണത്തോടനുബന്ധിച്ച് സെപ്തംബർ 5 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ ദിനേശനേയും ശോഭയേയും വെള്ളിത്തിരയിൽ എത്തിക്കുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം ഉറുവശിയും അജു വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

Read also: ‘പ്രായം വെറും നമ്പറല്ലേ’; 70 കാരിയുടെ കിടിലൻ നൃത്തത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.

അതേസമയം ‘കുട്ടിമാമ’ എന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം.