‘ഈ അമ്മയുടെ സ്നേഹമാണ് ഞാനിപ്പോഴും ഇവിടെ നില്ക്കാൻ കാരണമായത്’; ഹൃദയംതൊടും മംമ്തയുടെ കുറിപ്പ്
‘മംമ്‌താ മോഹൻദാസ്’ മലയാള സിനിമയിലെ ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യമായ നടി. കാന്‍സര്‍ എന്ന രോഗത്തെ മനഃശക്തികൊണ്ട് പൊരുതിത്തോൽപ്പിച്ച മലയാള സിനിമയിലെ കരുത്തയായ സ്ത്രീ..’ ഇങ്ങനെ നിരവധി വിശേഷണങ്ങളുള്ള മംമ്ത തന്റെ ജീവിതം തിരിച്ചുകിട്ടാൻ കാരണക്കാരിയായ ഒരു അമ്മയെക്കുറിച്ചു പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ഈ അമ്മയുടെ സ്നേഹമാണ് താൻ കാന്‍സറിനെ തോല്‍പിക്കാന്‍ കാരണമായതെന്നായിരുന്നു’ മംമ്ത ഫേസ്ബുക്കിൽ കുറിച്ചത്. അർബുദ രോഗവുമായി ബന്ധപ്പെട്ടുള്ള ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ എത്തിയപ്പോഴാണ് മംമ്ത ഈ അമ്മയെ പരിചയപ്പെട്ടത്. അമേരിക്കയിൽ വച്ച് അർബുദരോഗത്തിനുള്ള പുതിയ മരുന്നുകൾ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമായിരുന്നു മംമ്ത. നീൽ ശങ്കർ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടത്തിയിരുന്നത്.
നീൽ ശങ്കറിന്റെ അമ്മയാണ് അദ്ദേഹത്തെ മംമ്തയുടെ അടുത്തേക്ക് അയച്ചത്. തന്റെ പ്രിയപ്പെട്ട താരത്തിന്റെ രോഗം എങ്ങനെയുണ്ട് എന്ന് അന്വേഷിക്കുന്നതിനായിരുന്നു ഈ ‘അമ്മ’ മകനെ മംമ്തയുടെ അടുത്തേക്ക് അയച്ചത്. എന്നാൽ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിന് ആ കൂടിക്കാഴ്ച നിർണായകമായി എന്നാണ് മംമ്ത കുറിച്ചത്.
അതേസമയം മംമ്ത മോഹൻദാസിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ മലയാളം ചിത്രം ‘കോടതി സമക്ഷം ബാലൻ വക്കീലാണ്’. വിക്കൻ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി വേഷമിട്ടത് മംമ്തയാണ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണിത്. ഫെബ്രുവരി മാസം 21 നാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയറ്ററുകളിലെത്തിയത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. അതേസമയം ചിത്രം ബോക്‌സ്ഓഫീസ് കളക്ഷനിലും സൂപ്പര്‍ഹിറ്റ് ആയിരുന്നു.