ദുരിതാശ്വാസ ക്യാമ്പ് സംഗീത സാന്ദ്രമാക്കി പൊലീസുകാരൻ

August 14, 2019

അപ്രതീക്ഷിതമായി ആർത്തുലച്ചുവന്ന മഹാമാരിയിൽ നിന്നും അതിജീവനത്തിലേക്ക് കരകയറാൻ ശ്രമിക്കുകയാണ് മലയാളികൾ. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവും സാന്ത്വനവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തവുമായി എത്തുന്നവരും നിരവധിയാണ്. ഒരു ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടി വെച്ച എല്ലാം നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർക്ക് ആശ്വാസവുമായി സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം എത്തുന്നുണ്ട്.

മഴക്കെടുതിയോട് പോരാടാന്‍ കൈ മെയ്യ് മറന്ന് മലയാളികള്‍ പ്രയത്‌നിക്കുന്നുണ്ട്. ഇപ്പോഴിതാ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പാട്ടുപാടി സ്നേഹം പങ്കിടയുകയാണ് ഒരു പോലീസുകാരൻ. തൃശൂർ ആളൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എസ് ശ്രീജിത്താണ് വെള്ളാഞ്ചിറ ഫാത്തിമ മാതാ എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യമ്പിൽ താമസിക്കുന്നവർക്ക്  വേണ്ടി പാട്ടുപാടുന്നത്. ‘എന്തിനാടി പൂങ്കൊടിയേ കാറി നീ കരയണത് ഇപ്പൊ..’ എന്ന മനോഹരമായ നാടൻ പാട്ടാണ്  ശ്രീജിത്ത് പാടുന്നത്.

കാക്കിക്കുള്ളിലെ ഈ കലാകാരന്റെ പാട്ടിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.