കേരള പൊലീസിനിടയിലെ നന്മമരമായി അപർണ; കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ
കേരള പൊലീസിനിടയിലെ നന്മമനസുകൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകാറുണ്ട്… മലയാളികൾക്ക് സുപരിചിതയായ അപർണ്ണ ലവകുമാർ എന്ന വനിതാപൊലീസാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. കാന്‍സര്‍ രോഗികൾക്ക് മുടി മുറിച്ച് നൽകിയാണ് അപർണ്ണ മാധ്യമങ്ങളിൽ നിറയുന്നത്. അതേസമയം മരിച്ചയാളുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ആശുപത്രിയിൽ പണമടയ്ക്കാനില്ലാതിരുന്ന കുടുംബത്തിന് വേണ്ടി കയ്യിലെ വളയൂരി നൽകിയ അപർണ്ണ എന്ന പൊലീസുകാരി നേരത്തെ സമൂഹമാധ്യമങ്ങളിൽ കൈയടിനേടിയിരുന്നു.
തൃശൂർ റൂറൽ വനിത പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് അപർണ. അതേസമയം ഇതിന് മുമ്പും അപർണ്ണ തന്റെ നീണ്ട മുറി കാന്‍സര്‍ രോഗികൾക്ക് മുറിച്ച് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണ മുഴുവൻ മുടിയും മുറിച്ച് നൽകിയിരിക്കുകാണ് അപർണ. കേരള പൊലീസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും.
കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി. അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു.
ഇതിനു മുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്റെ വനിതാ ടീം ആണ്.
പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.
അപര്‍ണ്ണ ലവകുമാറിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.