“നമുക്ക് കിട്ടുന്ന ഓരോ മെഡലും കടം വീട്ടാനുള്ളതാ…”; ഹൃദയംതൊട്ട് ‘ഫൈനല്‍സ്’ ടീസര്‍

September 4, 2019

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രം ഈ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. ഹൃദയംതൊടുന്ന ഡയലോഗാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം.

ഫൈനല്‍സ് എന്ന ചിത്രത്തിലെ ചലനമേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ബെന്നി ദയാല്‍ ആണ് ആലാപനം.

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. ആലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more: ‘ഞാന്‍ മരിച്ചു, എനിക്ക് ലീവ് അനുവദിക്കണം’; കൗതുകമായി വിദ്യാര്‍ത്ഥിയുടെ ലീവ് ലെറ്റര്‍

‘അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫൈനല്‍സ് എന്ന ചിത്രത്തിന്. ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ പ്രകാശ് വാര്യര്‍ ആലപിച്ചിരിക്കുന്നത്. ഈ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നതും. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’. ഈ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. ഇരുവരുടെയും ആലാപന മികവിനെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍.