സ്നേഹം  നിറച്ച് ‘ഇട്ടിമാണി’യിലെ ഗാനം: വീഡിയോ

September 29, 2019

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മെയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും.

ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ഇട്ടിമാണി’യിലെ പുതിയ ഗാനം. കുടുംബസ്‌നേഹത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘വെണ്ണിലാവ് പെയ്തലിഞ്ഞ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, മഞ്ജരി, ദേവിക സൂര്യപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതരായ ജിബി, ജോജു എന്നിവരാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.