ജയലളിതയാവാൻ കങ്കണ; വൈറലായി രൂപമാറ്റത്തിന്റെ ചിത്രങ്ങൾ

September 21, 2019

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്.

ഇപ്പോഴിതാ ചിത്രത്തിനായുള്ള കങ്കണയുടെ തയാറെടുപ്പിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കങ്കണയെ ജയലളിതയായി രൂപമാറ്റം ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് ആർട്ടിസ്റ്റ് ജേസൺ കോളിൻസാണ്. ഇതിന്റെ ആവശ്യങ്ങൾക്കായി കങ്കണ കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ പോയിരുന്നു. ചിത്രത്തിൽ ദേഹമാസകലം പ്രോസ്‌തേറ്റിക്ക് പശ തേച്ചു നിൽക്കുന്ന കങ്കണയെയാണ് കാണുന്നത്. കങ്കണയുടെ സഹോദരി രംഗോലി ചന്തേലാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്

തമിഴ്,  തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തലൈവി തീയറ്ററുകളിലെത്തും. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഇതിനുമുമ്പും ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ് അയണ്‍ ലേഡിയാണ് ഒന്ന്. നിത്യ മേനോനാണ് ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. നിര്‍മ്മാതാവായ ആദിത്യ ഭരദ്വാരാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ടു വന്നിരുന്നു. തായ്: പുരട്ചി തലൈവി എന്നാണ് ഈ ചിത്രത്തിന്റെ പേര്.

അതേസമയം കങ്കണ റണൗത്ത് മുഖ്യ കഥാപാത്രമായെത്തിയ ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തിയ ചിത്രമാണ് മണികര്‍ണിക. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു വേണ്ടിയുള്ള കങ്കണയുടെ മെയ്‌ക്കോ ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കങ്കണ രണൗത്ത് ജയലളിതയാകുന്നു എന്ന വാര്‍ത്തയും ചലച്ചിത്രലോകം പ്രതിക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.