കൈയടി നേടി ലൗ ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക്’ പാട്ട്: വീഡിയോ

September 1, 2019

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. സെപ്തംബര്‍ അഞ്ചിന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസറും പുറത്തെത്തി. കുടുക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മനു മഞ്ജിത്ത് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

Read more:വാഹനം തിരിക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തും: പാഠമാകട്ടെ ഈ വീഡിയോ

നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.