വിനീത് ശ്രീനിവാസന്‍ നായകനായി ‘മനോഹരം’; ചിത്രം നാളെ തിയറ്ററുകളിലേയ്ക്ക്

September 26, 2019

മലയാള സിനിമയിലെ സകലകലാവല്ലഭന്‍. ഒറ്റവാക്കില്‍ വിനീത് ശ്രീനിവാസന്‍ എന്ന പ്രതിഭയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസന്‍ എന്ന നടന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മനോഹരം. ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അന്‍വര്‍ സാദിഖ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മനോഹരം. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റേയും സംവിധാനം നിര്‍വ്വഹിച്ചത് അന്‍വര്‍ സാദിഖ് ആണ്. തീയറ്ററുകളില്‍ ഈ ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ മനോഹരം എന്ന ചിത്രവും മനോഹരമായ ഒരു ദൃശ്യ വിരുന്നായിരിക്കും എന്ന പ്രതീക്ഷിയിലാണ് പ്രേക്ഷകരും.

Read more:ഹൃദയംതൊട്ട് മനോഹരത്തിലെ ഗാനം മുന്നേറുന്നു; കൈയടികളോടെ ആസ്വാദകര്‍: വീഡിയോ

മനോഹരം എന്ന സിനിമയുടേതായി പുറത്തിറങ്ങിയ ‘തേന്‍തുള്ളി വീണെന്നോ…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മനോഹരം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ഗാനവും ട്രെയ്‌ലറുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. പാലക്കാട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.