ആശാൻമാർക്കൊപ്പം ഒരു സെൽഫി; വിനീതിനും അല്‍ഫോൺസിനുമൊപ്പം നിവിൻ പോളി

January 16, 2024

നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് കൈയടി നേടിയ താരമാണ് നിവിന്‍ പോളി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയികവുകൊണ്ട് താരം പരിപൂര്‍ണതയിലെത്തിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന പുതിയ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നിവിന്‍. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ( Nivin Pauly selfie with vineeth Sreenivasan and Alphonse Puthren )

ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഡബ്ബിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃദ് ബന്ധത്തിന്റെ ഒത്തുകൂടലിനും ഈ സിനിമയുടെ അണിയ വേദിയായി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ നിവിന്‍ പോളിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വിനീതും നിവിന്റെ കരിയറിലെ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച അല്‍ഫോണ്‍സ് പുത്രനും കണ്ടുമുട്ടി. ആ മനോഹര നിമിഷം സെല്‍ഫിയായി പകര്‍ത്തിയ നിവിന്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

‘വിത്ത് മിസ്റ്റര്‍ പുത്രന്‍ ആന്‍ഡ് വിനീത്’ എന്ന കുറിപ്പുമായിട്ടാണ് നിവിന്‍ പോളി ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം പ്രണവിനും ധ്യാനിനും വിനീതിനുമൊപ്പമുള്ള മറ്റൊരു ചിത്രവും നിവിന്‍ പോളി പങ്കുവച്ചിരുന്നു. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, ബേസില്‍ ജോസഫ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Read Also : നടി സ്വാസിക വിവാഹിതയാകുന്നു!

നിവിന്‍ പോളിയുടെ കരിയറിലെ മികച്ച സിനിമകളെല്ലാം ഒരുക്കിയത് വിനീത് ശ്രീനിവാസനും അല്‍ഫോണ്‍സ് പുത്രനുമായിരുന്നു. തട്ടത്തിന്‍ മറയത്ത്, നേരം, പ്രേമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ സിനിമകളിലൂടെ ഈ കൂട്ടുകെട്ട് പ്രേക്ഷകശ്രദ്ധ നേടിയത്.

Story highlights : Nivin Pauly selfie with vineeth Sreenivasan and Alphonse Puthren