പ്രിയ താരത്തെക്കാണാൻ ആരാധകൻ നടന്നത് 900 കിലോമീറ്റർ; വീഡിയോ പങ്കുവച്ച് അക്ഷയ് കുമാർ

September 2, 2019

തങ്ങളുടെ ഇഷ്ടതാരങ്ങളോടുളള ആരാധന വ്യത്യസ്ത രീതികളിലാണ് പലപ്പോഴും ആരാധാകർ കാണിക്കാറ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്നേഹം കാണിക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിലുള്ള താരാരാധനയുമായി എത്തുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ഒരു ആരാധകൻ.

തന്റെ പ്രിയ താരത്തെ കാണാൻ 900 കിലോമീറ്റർ നടന്ന് എത്തിയിരിക്കുകയാണ് പർബത് എന്ന ചെറുപ്പക്കാരൻ. ഗുജറാത്തിലെ ദ്വാരകയിൽ നിന്നും മുംബൈ വരെയാണ് പർബത് അക്ഷയ് കുമാറിനെ കാണാൻ നടന്നെത്തിയത്. 18 ദിവസം കൊണ്ടാണ് പർബത് മുംബൈ വരെ നടന്നെത്തിയത്. അക്ഷയ് കുമാർ തന്നെയാണ്  തന്നെ അത്ഭുതപ്പെടുത്തിയ ഈ ആരാധകന്റെ കഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

അഭിനയമികവിനപ്പുറം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് അക്ഷയ്. അതേസമയം മിഷന്‍ മംഗള്‍ ആണ് അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി ഒടുവില്‍ തീയറ്ററുകളിലെത്തിയ ചിത്രം. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അഭിനയവും ഏറെ പ്രശംസകള്‍ നേടുന്നുണ്ട്.