‘മൃഗങ്ങളോട് അല്പം കരുണ കാണിക്കൂ’: ഭാവന

September 21, 2019

അഭിനയമികവുകൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായ താരമാണ് ഭാവന. ഇപ്പോഴിതാ സാമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഭാവനയുടെ മൃഗസ്നേഹത്തിന്റെ ചിത്രങ്ങൾ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.

അടുത്തിടെ ഒരു നായ പട്ടിണിയെ തുടര്‍ന്ന് മരിച്ചതിന്റെ വാര്‍ത്തയും ഭാവന സമൂഹ മാധ്യമങ്ങളിൽ ഷെയര്‍ ചെയ്‍തിരുന്നു. സംഭവം ഹൃദയഭേദകം എന്നാണ് ഭാവന പ്രതികരിച്ചത്. ഇതിനെത്തുടർന്നാണ് മൃഗങ്ങളോട് കരുണ കാണിക്കാൻ  ആവശ്യപ്പെട്ട് ഭാവന രംഗത്ത് എത്തിയത്. മൃഗങ്ങളോട് അല്പം കരുണകാണിച്ചാൽ മനുഷ്യന് ഒന്നും നഷ്‌ടപ്പെടാൻ പോകുന്നില്ലെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മുയലിന് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന ഷെയര്‍ ചെയ്‍തിട്ടുണ്ട്.

നമ്മള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.

മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99.