യാത്രക്കായി ടാക്സി വിളിച്ചു, ഇറങ്ങിയപ്പോൾ ഡ്രൈവറെക്കൊണ്ട് ഒരു പാട്ടും പാടിച്ചു; പാട്ട് ഏറ്റെടുത്തത് ആയിരങ്ങൾ, വീഡിയോ

September 20, 2019

മനോഹരങ്ങളായ ഗാനങ്ങൾ എത്ര കേട്ടാലും  മതിവരാറില്ല.. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ പാട്ടുപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഊബർ ടാക്സി ഡ്രൈവറും അദ്ദേഹത്തിന്റെ ഗാനവും.

ടാക്സി ഡ്രൈവറായ വിനോദിനെ തേടി കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ എത്തി. സാധാരണപോലെ വണ്ടി വിളിച്ചു. പോകാൻ ഇറങ്ങിയപ്പോൾ ഒരു കൗതുകത്തിന് ഒരു പാട്ടും പാടിച്ചു. മനോഹരമായി ഗാനമാലപിച്ച വിനോദിന്റെ പാട്ട് ഇയാൾ സ്വന്തം മൊബൈലിൽ പകർത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

‘ആഷിഖി’യിലെ ‘നസര്‍ കെ സാമ്‌നേ ജിഗര്‍ കെ പാസ്’ എന്ന മനോഹര ഗാനമാണ് വിനോദ് ആലപിച്ചത്.  മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തുന്നത്. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം.

അതേസമയം അടുത്തിടെ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു പാട്ട് പാടിയ രാണു മൊണ്ടാല്‍ എന്ന ഗായിക മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്. ഇപ്പോഴിതാ ഒരു സിനിമയ്ക്കു വേണ്ടി രാണു പാട്ട് പാടിയിരിക്കുകയാണ്. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാണു പാട്ട് പാടിയിരിക്കുന്നത്. ‘ഹാപ്പി ഹാര്‍ഡി’ എന്ന ചിത്രത്തിലെ തേരി മേരി കഹാനി… എന്നു തുടങ്ങുന്ന ഗാനമാണ് രാണു ആലപിച്ചിരിക്കുന്നത്.