ലൗ ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക്’ പാട്ടിന് ഉണ്ണി മുകുന്ദന്‍റെ കിടിലന്‍ ഡാന്‍സ്: വീഡിയോ

September 10, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ പൊതു സമൂഹത്തിലെ ഇടപെടലുകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ വിശേഷങ്ങള്‍ പലതും ആരാധാകര്‍ ഏറ്റെടുക്കാറാണ് പതിവ്. ഇപ്പോഴിതാ മനോഹരമായ ഒരു ഡാന്‍സിലൂടെ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ‘കുടുക്ക്’ പാട്ടിനാണ് ഉണ്ണി മുകുന്ദന്റെ കിടിലന്‍ ഡാന്‍സ്. അജു വര്‍ഗീസാണ് ഈ മനോഹര വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ലൗ ആക്ഷന്‍ ഡ്രാമ തീയറ്ററുകളില്‍ എത്തുന്നതിന് മുമ്പേതന്നെ ചിത്രത്തിലെ ‘കുടുക്ക്’ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടിയിരുന്നു. മനു മഞ്ജിത്ത് ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

Read more:‘സഹോ’യിലെ ആ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ: മെയ്ക്കിങ് വീഡിയോ

അതേസമയം മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.