പിറന്നാൾ നിറവിൽ ബിഗ് ബി; അറിയാം താരത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ

October 11, 2019

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഇതിഹാസതാരം അമിതാഭ് ബച്ചന് ഇന്ന് 77 -ആം  പിറന്നാള്‍. നിരവധി പേരാണ് അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. 1969 ഫെബ്രുവരി 15 ആം തിയതി സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹം നടന്നു കയറിയത് ലോകമെങ്ങുമുള്ള സിനിമ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. സിനിമയിൽ അമ്പത്തൊന്ന് വർഷങ്ങൾ പൂർത്തിയാക്കിയ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അറിയാം താരത്തിന്റെ ചില വിശേഷങ്ങൾ

അമിതാഭ് ബച്ചനെന്ന പേരിന് പിന്നിൽ

ലോകം മുഴുവൻ അമിതാഭ് ബച്ചനെന്ന് വിളിക്കുന്ന ഈ താരത്തിന് വേണ്ടി അദ്ദേഹത്തിന്റെ പിതാവ് നിശ്ചയിച്ചിരുന്ന പേര് ഇങ്ക്വിലാബ് എന്നായിരുന്നു. (റെവല്യൂഷൻ അഥവാ വിപ്ലവം എന്നാണ് ഈ വാക്കിന് അർഥം.) പിന്നീട് അദ്ദേഹം തന്നെ അൺലിമിറ്റഡ് ബ്രില്ലിയൻസ് അഥവാ പരിധികളില്ലാത്ത ബുദ്ധിശക്തിയുള്ള ആൾ എന്നർത്ഥം വരുന്ന അമിതാഭ് എന്ന പേര് മകന് വേണ്ടി നിശ്ചയിക്കുകയായിരുന്നു.

എയർ ഫോഴ്സ് സ്വപ്നം കണ്ട അമിതാഭ് ബച്ചൻ 

ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ഒരു കാലത്ത് സിനിമയിൽ അഭിനയിക്കാൻ താത്‌പര്യമുണ്ടായിരുന്നില്ല. എൻജിനീയർ ആകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. പിന്നീട് അദ്ദേഹം തന്നെ തനിക്ക് എയർ ഫോഴ്സിൽ ജോലിചെയ്യണമെന്ന ആഗ്രഹവുമായി വന്നു, അതിനിടെയാണ് അവിചാരിതമായി അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിച്ചത്..

കരിയർ മാറ്റിവരച്ച സിനിമ…

നിരവധി ചിത്രങ്ങളിൽ മുഖ്യ കഥാപാത്രമായി അഭിനയിച്ച താരത്തിന്റെ കരിയർ മാറ്റിമറിച്ച ചിത്രമാണ് ഖുദാ ഗവാഹ്‌. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബച്ചൻ ചിത്രത്തിൽ നായികയായി എത്തിയത് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരം ശ്രീദേവിയാണ്.

ആദ്യ മെഴുകു പ്രതിമ

ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകു പ്രതിമകളുടെ ഇടയിലേയ്ക്ക് ആദ്യമായി എത്തപ്പെട്ട ഇന്ത്യൻ ആക്ടറുടെ പ്രതിമ ബിഗ് ബിയുടേതാണ്. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് അമിതാഭിന്റെ പ്രതിമയും ഉള്ളത്. ദീപിക പദുകോൺ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ ലണ്ടനിലെ മ്യൂസിയത്തിൽ നിലവിലുണ്ട്.