ചിരിപടർത്തി അമ്മാമ്മയുടെ മലേഷ്യൻ ഡയറീസ്; വീഡിയോ

October 11, 2019

മലയാളികളുടെ പ്രിയപ്പെട്ട അമ്മാമ്മയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ വൈറലായ മേരി ജോസഫ്. ടിക് ടോക്ക് താരങ്ങളായ ഈ അമ്മാമ്മയ്ക്കും  കൊച്ചുമോൻ ജിൻസണും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അമ്മാമ്മയുടെയും കൊച്ചുമോന്റെയും മലേഷ്യൻ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചിരിനിറയ്ക്കുന്നത്. ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോർ മലയാളി കൂട്ടായ്മ സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ച ഇരുവരും അവിടെ സംഘടിപ്പിച്ച ഓണപരിപാടികളിലും പങ്കെടുത്തു.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെ നിരവധിയാളുകളാണ് ഇരുവരെയും പ്രശംസിച്ച് രംഗത്തെത്തിയത്.

ഇരുവരുടെയും കൊച്ചുകൊച്ചു വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സ്ഥാനം നേടാറുണ്ട്. ഇപ്പോള്‍ മലേഷ്യയിലെ ചിരിവിടർത്തുന്ന വീഡിയോയിലൂടെ വീണ്ടും താരമായിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും. വിദേശത്ത് ജോലിയാണ് ജില്‍സണ്. നാട്ടിൽ വരുമ്പോഴാണ് ഇരുവരും ചേർന്ന് മനോഹരമായ ടിക് ടോക്ക് വീഡിയോകൾ ചെയ്യുന്നത്. എന്നാൽ ജിൽസൺ വിദേശത്തേക്ക് തിരികെപോകുമ്പോൾ നാട്ടിലുള്ള അമ്മാമ്മയും ജിൽസണുമായി വീഡിയോ കോളിലൂടെയും മനോഹരപ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. അല്‍പം ചിരിക്കാനുണ്ടെങ്കിലും ഇരുവരുടെയും സ്‌നേഹവീഡിയോ, കാണുന്നവരുടെ മനസും നിറയ്ക്കും.