ഇവനും നായകനാണ്; ശ്രദ്ധേയമായി ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പുതിയ പോസ്റ്റര്‍

October 10, 2019

മനോഹരമായ അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. സണ്ണി വെയ്‌നും ഒരു നായയുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more:ആനവണ്ടി ആംബുലന്‍സായി; യാത്രക്കാരിക്ക് പുതുജീവന്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി. തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജിപ്‌സി എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്. സഖാവ് ബാലനായാണ് ജിപ്‌സിയില്‍ സണ്ണിവെയ്ന്‍ എത്തുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.