‘മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ!’; രസകരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

October 19, 2019

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വസന്തം തീര്‍ക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ള രസകരമായ ഒരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകന്‍ രഞ്ജിത്തും പൃഥ്വിരാജുമാണ് ഈ ചിത്രത്തില്‍. മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വ്വഹിച്ച നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് ബിജു മേനോനും നിമിഷ സജയനും; ശ്രദ്ധേയമായി ‘നാല്‍പത്തിയൊന്ന്’-ലെ ഗാനം

മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ! എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് സ്റ്റില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൂടെ എന്ന ചിത്രത്തിലും അച്ഛനും മകനുമായി രഞ്ജിത്തും പൃഥ്വിരാജും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് ചില ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ്  കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കുണ്ട്.