ഇതിലും മികച്ച അഭിനയം സ്വപ്നങ്ങളിൽ മാത്രം; നഖം വെട്ടാതിരിക്കാൻ തലകറങ്ങിവീണ് നായക്കുട്ടി, വൈറൽ വീഡിയോ

October 17, 2019

കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. അത് മനുഷ്യന്റേതായാലും മൃഗങ്ങളുടേതായാലും. പാട്ടിനൊപ്പം നൃത്തം ചെയ്ത് തത്തയും ക്യാറ്റ് വോക്ക് ചെയ്ത് പൂച്ചയുമൊക്കെ അടുത്തിടെ സൈബര്‍ ലോകത്ത് കൈയടി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്. നഖം വെട്ടാതിരിക്കുന്നതിനായി ബോധംകെട്ട് വീഴുന്നതായി അഭിനയിക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത്തരത്തിൽ നഖം വെട്ടാതിരിക്കാൻ തലകറക്കം അഭിനയിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട്  രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകൾ പങ്കുവച്ചു.

ഉടമയുടെ അടുത്ത് അനുസരണയോടെ ഇരിക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് നഖം വെട്ടുന്നതിനായി നായയുടെ മുൻകാലുകൾ കയ്യിലെടുക്കുന്ന ഉടനെ നിലത്തേക്ക് തലകറങ്ങി വീഴുന്ന നായയെയും വീഡിയോയിൽ കാണാം. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.