പട്ടാളക്കാരനായി ടൊവിനോ; എടക്കാട് ബറ്റാലിയൻ 06 തിയറ്ററുകളിലേക്ക്

October 17, 2019

കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. തീവണ്ടീ, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ സംയുക്ത കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ചിത്രം നാളെ തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും.

പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Read more: ‘ഹലോ എന്നെ തുറന്നുവിടൂ’; സംസ്കാരച്ചടങ്ങുകൾക്കിടെ പെട്ടിയിൽ നിന്നും ശബ്ദം, ഞെട്ടലോടെ നാട്ടുകാർ, വീഡിയോ

എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06-ല്‍.

എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ‘നി ഹിമമഴയായ്…’ എന്നു തുടങ്ങുന്ന ഗാനവും ‘ഷഹനായ്’ ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഗാനങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടുന്നുണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ആദ്യത്തെ ടീസര്‍ ഒരുക്കിയത്. രണ്ടാമത്തെ ടീസറില്‍ കുടുംബബന്ധങ്ങളുടെ ആഴവും പരപ്പുമായിരുന്നു നിഴലിച്ചിരുന്നത്. പ്രണയം നിറച്ചാണ് ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷനും പ്രണയവും കുടുംബസ്‌നേഹവുമെല്ലാം ഒരു സിനിമയില്‍ ഇഴചേര്‍ക്കപ്പെടുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെ.