വഴിതെറ്റിവന്ന അമ്മയ്ക്ക് താങ്ങായി കേരള പൊലീസ്; ബിഗ് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

October 1, 2019

ജനസേവനത്തിനുള്ളവരാണ് പൊലീസ് ഉദ്യോഗസ്ഥർ. എന്നാൽ പലപ്പോഴും പൊലീസുകാരെ ഏറെ ഭയത്തോടെയും ദേഷ്യത്തോടെയുമൊക്കെയാണ് സാധാരണ ജനങ്ങൾ നോക്കികാണുന്നത്. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ വണ്ടി പിടിച്ചുവയ്ക്കുന്നതും, ഹെൽമറ്റ് ഇല്ലാതെ വരുമ്പോൾ പിഴ ചുമത്തുന്നതും ഒക്കെയാണ് പൊലീസ്നെ സാധാരണക്കാർ വെറുക്കാൻ കാരണം. എന്നാൽ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കേരളാ പോലീസ്.

വലിയ വലിയ സന്ദേശങ്ങള്‍ ട്രോള്‍വഴി ജനങ്ങളിലെത്തിക്കാനുള്ള കേരളാ പൊലീസിന്റെ തന്ത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ കൈയടി നേടുകയാണ് കേരളാ പൊലീസ്. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് കേരളാ പൊലീസിന്റെ നന്മയുടെ കഥ പറയുന്നത്.


തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ ഒരു അമ്മയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സംസാര ശേഷി നഷ്ടമായ ‘അമ്മ വഴിതെറ്റിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. തുടർന്ന് എന്തുചെയ്യണമെന്നറിയാതിരുന്ന അമ്മയുടെ അടുത്തേക്ക് സഹായ ഹസ്‌തവുമായി എത്തുകയായിരുന്നു കേരള പൊലീസ്.

‘അമ്മയോട് കാര്യം അന്വേഷിച്ചപ്പോഴാണ് തനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഭക്ഷണം കഴിക്കാൻ സ്വന്തം പേഴ്സിൽ നിന്നും കാശ് എടുത്ത് നൽകിയതിന് ശേഷം അമ്മയുടെ കൈ പിടിച്ച് റോഡും മുറിച്ചുകടത്തിയാണ്  പോലീസ് ഉദ്യോഗസ്ഥർ അമ്മയെ പറഞ്ഞുവിട്ടത്.