ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ
ഭൂമിയിലെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, മേഘങ്ങള്‍ക്കും മുകളില്‍ ആകാശത്തിലെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബഹിരാകാശ നിലയത്തില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ബഹിരാകാശ ബീഫ് ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബഹിരാകാശ ലാബില്‍ കൃത്രിമ മാംസം സൃഷ്ടിക്കപ്പെട്ടത്. ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് ബഹിരാകാശ ബീഫിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
മൃഗങ്ങളെയൊന്നും ഉപദ്രവിക്കാതെയാണ് ഈ കൃത്രിമ മാംസം സൃഷ്ടിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ പശുവിന്റെ സ്വാഭാവിക പേശി-ടിഷ്യു പുനരുജ്ജീവന പ്രക്രിയയിലൂടെയാണ് ഒരു കഷ്ണം മാംസം വളര്‍ത്തുന്നത്. റഷ്യന്‍ കമ്പനിയായ ത്രിഡി ബയോ പ്രിന്റിങ് സൊല്യൂഷനും യുഎസ് കേന്ദ്രീകരിച്ചുള്ള രണ്ട് ഭഷ്യകമ്പനികളുടെയും സഹകരണത്തോടെയാണ് അലഫ് ഫാംസിന്റെ പരീക്ഷണം.
Read more: കാലിന് പരിക്ക്, വീട്ടിലേയ്ക്കുള്ള വഴി തെറ്റി; വയോധികയെ കയ്യിലേന്തി പൊലീസ്; സോഷ്യല്‍മീഡിയയുടെ കൈയടി
സെപ്റ്റംബര്‍ 26നായിരുന്നു പരീക്ഷണം നടത്തിയത്. ത്രിഡി ബയോപ്രിന്ററിനുള്ളില്വച്ചായിരുന്നു പരീക്ഷണം. മൃഗങ്ങളുടെ കോശങ്ങളെപ്പോലെ ബയോമെറ്റീരിയലുകളും വളര്‍ച്ചാഘടകങ്ങളും ‘ബയോഇങ്ക്’ പ്രിന്റ് ചെയ്ത വസ്തുക്കളും ലെയേര്‍ഡ് ഘടനയില്‍ കലര്‍ത്തുന്ന പ്രക്രിയയാണ് ബയോപ്രിന്റിങ് എന്ന് അറിയപ്പെടുന്നത്. ഒരു പ്രത്യേകതരം കാന്തികശക്തി അടങ്ങിയിട്ടുണ്ട് ത്രിഡി ബയോപ്രിന്ററില്. ഈ കാന്തികശക്തി കോശങ്ങളെ ചെറിയ അളവിലുള്ള ടിഷ്യുവിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെയാണ് കൃത്രിമമായി മാംസം നിര്‍മ്മിക്കുന്നത്.
കൃത്രിമമായി മാംസം സൃഷ്ടിച്ചെടുക്കുന്ന രീതി ഭൂമിയില്‍ നേരത്തെ പരീക്ഷിച്ച് വിജയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബഹിരാകാശത്തും ഈ പരീക്ഷണം വിജയിച്ചിരിക്കുകയാണ്.