ആകാശത്ത് നിന്നും അജ്ഞാത അഗ്നിഗോളം; ദുരൂഹമെന്ന് ഗവേഷകർ
ഭൂമിക്കപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ആകാശകാഴ്ചകകൾക്ക് കാഴ്ചക്കാർ ധാരാളമാണ്. കൗതുകത്തിനപ്പുറം ഗൗരവത്തോടുകൂടിയും ആകാശകാഴ്ചകളെ നാം നോക്കികാണാറുണ്ട്. ഇപ്പോഴിതാ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് കഴിഞ്ഞ ദിവസം ആകാശത്തുനിന്നും പതിച്ച തീഗോളം.
സെപ്തംബർ 25 ന് ചിലെയിലെ ചിലോ ദ്വീപിനോട് ചേർന്ന് കാണപ്പെട്ട കുറ്റികാടുകൾക്കിടയിലാണ് തീഗോളം പതിച്ചത്. ഇതോടെ തീഗോളം പതിച്ച സ്ഥലത്തെ കുറ്റിക്കാടുകൾക്ക് തീപിടിക്കുകയും അവിടെ ചെറിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു. അതേസമയം ഭൂമിയിലേക്ക് പാഞ്ഞെത്തിയത് ഉൽക്കയോ അല്ലെങ്കിൽ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആയിരിക്കാമെന്നയിരുന്നു ഗവേഷകർ ആദ്യം പറഞ്ഞത്. എന്നാൽ നിരവധി പരിശോധനകൾക്ക് ശേഷവും ഇത് എന്താണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാഷനൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിങ് അധികൃതർ.
അഗ്നിഗോളം വീണ ഇടങ്ങളിലെ മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, അതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ആകാശത്ത് നിന്ന് പതിച്ച അഗ്നിഗോളം എന്താണെന്ന് അറിയാമെന്നാണ് ഗവേഷകരും കരുതുന്നത്. സാധാരണയായി ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിക്കാറുള്ള ഇത്തരം വസ്തുക്കൾ കടലിന് മുകളിൽ കത്തിത്തീരാറാണ് പതിവ്, എന്നാൽ ഇത്തവണ ഇത് ഭൂമിയിൽ തന്നെ പതിച്ചതിനാല്‍ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗവേഷകരും.