നിറയെ സസ്‌പെന്‍സ്; തിയറ്ററുകളില്‍ കൈയടി നേടി ‘ഒരു കടത്ത് നാടന്‍ കഥ’

October 25, 2019

തിയറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. ആക്ഷനും സസ്‌പെന്‍സും നിറച്ച് ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു ത്രില്ലര്‍ ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. ഷഹീന്‍ സിദ്ദിഖാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

ഷാനു എന്നാണ് ചിത്രത്തില്‍ ഷഹീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരുന്നതോടെ കുഴല്‍ പണം കടത്താന്‍ ഷാനു തയ്യാറാവുന്നു. ഷാനുവിന്റെ ജീവിതത്തില്‍ ഒരു ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടന്‍ കഥ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദൃശ്യഭംഗിയിലും ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു.

പീറ്റര്‍ സാജനും അനൂപ് മാധവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസഫ് സി മാത്യു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പീറ്റര്‍ സാജനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നതും. അല്‍ഫോന്‍സ് ജോസഫ് സംഗീതം ഒരുക്കിയിരിക്കുന്നു. ഹരീഷ് നാരായണന്‍, ജോഫി തരകന്‍ എന്നിവരാണ് സിനിമയിലെ ഗാനങ്ങളുടെ രചന. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിതേഷ് കണ്ണനാണ് ഒരു കടത്ത് നാടന്‍ കഥ എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

ഷഹീന്‍ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാര്‍, സുധീര്‍ കരമന, ബിജു കുട്ടന്‍, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.