ആദിത്യ അരുണാചലമായി രജനികാന്ത്; പേരിലെ കൗതുകം വെളിപ്പെടുത്തി അണിയറപ്രവർത്തകർ

October 17, 2019

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിനു വേണ്ടിയുള്ള രജനികാന്തിന്റെ ലുക്ക്. സ്‌റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേര് ശരിവയ്ക്കുംപോലെ കാക്കിയണിഞ്ഞ് കിടിലന്‍ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളാണ് സിനിമ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ആദിത്യ അരുണാചലം എന്നാണ് കഥാപാത്രത്തിന്റെ പേര്. സംവിധായകൻ മുരുഗദോസിന്റെ അച്ഛന്റെ പേരാണ് അരുണാചലം. ആദിത്യൻ എന്നത് മകന്റെ പേരും. എന്തായാലും താരത്തിന്റെ ഈ പേരും ആഘോഷമാക്കുകയാണ് ആരാധകർ.

അതേസമയം ദര്‍ബാറില്‍ നയന്‍താരയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര്‍ മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച ആവസാന ചിത്രം. അതേസമയം രജനീകാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.

Read more: സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഒരു വർഷം ജീവിച്ച യുവതിയെ കാത്തിരുന്നത് 72 ലക്ഷം രൂപ

ഒരു പൊലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഇളയദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വ്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.