മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയ്ന്‍; പുതിയ ചിത്രം ഒരുങ്ങുന്നു

October 31, 2019

മലയാളികളുടെ രണ്ട് ഇഷ്ടതാരങ്ങള്‍ ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനുവേണ്ടി. മഞ്ജു വാര്യര്‍ നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുന്നു. സണ്ണി വെയ്ന്‍തന്നെ ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചു. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന കയറ്റം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കയറ്റം.

Read more:ജഗതി ശ്രീകുമാറിനൊപ്പം; ആദ്യ സിനിമയുടെ ഓര്‍മ്മയില്‍ ഗിന്നസ് പക്രു

അനുഗ്രഹീതന്‍ ആന്റണിയാണ് സണ്ണി വെയ്‌ന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി. തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജിപ്‌സി എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്.