ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് ‘തങ്കം’

October 8, 2019

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയംതീര്‍ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു. തങ്കം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സഹീദ് അറാഫത്ത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് തങ്കം.

ഫഹദ് ഫാസിലിനു പുറമെ ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. വര്‍ക്കിങ് ക്ലാസ് ഹീറോയുടെ ബാനറില്‍ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്നാണ് തങ്കം എന്ന സിനിമയുടെ നിര്‍മ്മാണം. ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 2020-ല്‍ തങ്കം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

“പ്രിയപ്പെട്ടവരെ ..
ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണു തങ്കം. ഫഹദ്‌ ഫാസിൽ ആൻഡ്‌ ഫ്രണ്ട്സുമായി ചേർന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത്‌. തങ്കം ഒരു ക്രൈം ഡ്രാമയാണു . ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അണിയറക്കാർ നിങ്ങൾക്ക്‌ മുൻ പരിചയമുള്ളവർ തന്നെ. അടുത്ത വർഷം ചിത്രം റിലീസിനെത്തും. സ്നേഹം, നന്ദി”. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദിലിഷ് പോത്തന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read more: ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം; ശ്രദ്ധേയമായി ‘നാല്പത്തിയൊന്ന്’-ലെ ഗാനം

അതേസമയം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിനു ശേഷം ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമാണ് തങ്കം. കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ‘ഷമ്മി’ എന്ന കഥാപാത്രം ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധു സി നാരായണ്‍ ആണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ഫഹദ് ഫാസിലിനു പുറമെ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.