‘ഊര്‍മിള എന്ന കഥാപാത്രത്തിനുവേണ്ടിയെടുത്ത കഠിനാധ്വാനത്തിന് വൈകികിട്ടിയ അംഗീകാരം’: നമിത പ്രമോദിന്റെ കുറിപ്പ്
തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുകയും പിന്നീട് ഡിവിഡി ഇറങ്ങിക്കഴിയുമ്പോള്‍ ഏറെ ജനപ്രീതി നേടുകയും ചെയ്യുന്ന ചിത്രങ്ങള്‍ അന്നും ഇന്നും ചലച്ചിത്രരംഗത്തുണ്ട്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ‘മാര്‍ഗ്ഗംകളി’ എന്ന ചിത്രത്തിന് അത്രവലിയ സ്വീകാര്യത തിയേറ്ററുകളില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഡിവിഡി പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ചിത്രത്തില്‍ നായികയായെത്തുന്ന നമിതാ പ്രമോദ് പറയുന്നു.
ശ്രീജിത് വിജയന് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മാര്‍ഗ്ഗംകളി’. ബിബിന്‍ ജോര്‍ജാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്മ്മജന് ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, സൗമ്യ മേനോന് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഊര്‍മിള എന്നാണ് ചിത്രത്തില്‍ നമിത പ്രമോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഡിവിഡി ഇറങ്ങിയതിനു ശേഷം ഓരോരുത്തരും നല്കുന്ന അഭിനന്ദനം തന്റെ കഥാപാത്രത്തിന് വൈകി കിട്ടിയ അംഗീകാരമാണെന്ന് നമിത ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മാര്‍ഗ്ഗംകളിയിലെ ഊര്‍മ്മിള…
ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എക്സ്പ്ലോര്‍ ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള. സാധാരണ, അഭിനയിച്ച സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് പ്രേക്ഷകര്‍ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെയും കോളിലൂടെയും നല്‍കുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങള്‍.
ഊര്‍മ്മിളക്ക് കിട്ടിയ റസ്പോണ്‍സ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട്, സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകള്‍ ഈ കഥാപാത്രം ഇത്രത്തോളം ഇന്‍ഫ്ളുവന്‍സ ചെയ്തിട്ടുണ്ട്, സ്ട്രോങ്ങാണ് എന്നിങ്ങനെ കഥാപാത്രത്തിന്റെ ഓരോ ലെയറുകളെയും പറ്റി ഒക്കെ സംസാരിക്കുന്നത്. ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍, ഡിവിഡി ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്പോള്‍ അഭിനേത്രി എന്ന നിലയില്‍ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്.
തിയേറ്ററില്‍ സിനിമ വിജയിക്കുമ്പോള്‍ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളത്. ഊര്‍മിള എന്ന കഥാപാത്രം സ്ക്രീനില്‍ എത്തിക്കാന്‍ എടുത്ത കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാന്‍ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു. ഈ സന്തോഷം എന്റെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടര്‍ന്നങ്ങോട്ട് ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്ക് വലിയൊരു ഇന്സ്പിരേഷന് ആണ്.