ആന്റണി വര്‍ഗീസ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു

November 27, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു.

റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് നഹാസ്. ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ആന്റണി വര്‍ഗീസിന് പുറമെ, നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. പുതുമുഖ താരമാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്.

Read more:ദേ, ഇതാണ് കടലിന് മീതേ പറന്നു നടക്കുന്ന ‘റോക്കറ്റ് മാന്‍’: വൈറല്‍ വീഡിയോ

അനില്‍ നാരായണന്‍ ആണി ചിത്രത്തിന്റെ തിരക്കഥ. സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നൗഫല്‍ അബ്ദുള്ള സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ‘ജല്ലിക്കട്ട്’ ആണ് ആന്റണി വര്‍ഗീസിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആന്റണിക്ക് പുറമെ, ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. ചിത്രത്തിലെ ആന്റണി വര്‍ഗീസിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.