അഭിനയം മാത്രമല്ല, പാട്ടുമുണ്ട്; അതിമനോഹര പ്രണയഗാനവുമായി അഹാന- വീഡിയോ

November 23, 2019

മലയാളികളുടെ പ്രിയ നായികയായി മാറുകയാണ് അഹാന കൃഷ്ണ. മലയാള സിനിമയുടെ പുതിയ താരോദയം തന്നെയാണ് അഹാന. ‘ലൂക്ക’ എന്ന ചിത്രത്തിലെ അഹാനയുടെ അഭിനയം വളരെയധികം അഭിനന്ദനങ്ങൾ നടിക്ക് നേടിക്കൊടുത്തു. അഹാനയ്ക്ക് പിന്നാലെ സഹോദരി ഇഷാനിയും സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള നൃത്ത വിഡിയോകൾ വളരെയധികം വൈറലാകാറുണ്ട്. ഇപ്പോൾ അഭിനയവും നൃത്തവും മാത്രമല്ല പാട്ടിലും മിടുക്കിയാണെന്നു തെളിയിക്കുകയാണ് അഹാന.

ടൊവിനോ തോമസും സംയുക്ത മേനോനും നായിക നായകന്മാരായ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായി വരൂ ..’ എന്ന ഗാനമാണ് അഹാന ആലപിച്ചിരിക്കുന്നത്. ‘എന്റെ തലയിൽ നിന്നും ഈ പട്ടു പോകുന്നില്ല. അതുകൊണ്ട് അത് ഇവിടെ പങ്കു വെയ്ക്കുകയാണ്. നീ ഹിമമഴയായി..’ എന്തൊരു മനോഹരമായ കോമ്പോസിഷൻ ആണിത്..അടുത്ത കാലത്തിറങ്ങിയ മനോഹരമായ ഡ്യൂയറ്റ്..’ – ഇൻസ്റ്റാഗ്രാമിൽ പാട്ട് ആലപിച്ചുകൊണ്ട് അഹാന ഇങ്ങനെ കുറിച്ചിരിക്കുന്നു.

കൈലാസ് മേനോൻ സംഗീതം നൽകി കെ എസ് ഹരിശങ്കറും നിത്യ മാമനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഹാനയുടെ പാട്ടിന് കമന്റുമായി കൈലാസ് മേനോനും എത്തി. ‘മനോഹരമായിരിക്കുന്നു. ഞാനെപ്പോഴും പറയാറുള്ളതുപോലെ നിന്റെ ശബ്ദം മനോഹരവും ബോൾഡുമാണ്. ‘ലൂക്ക’യിൽ എനിക്കേറെ ഇഷ്ടമായതും അതാണ്. ഇനിയും പാടുക ..’ .എന്തായാലും സിനിമാ ലോകത്ത് നിന്നും ഒട്ടേറെ അഭിനന്ദനങ്ങളാണ് അഹാനയ്ക്ക് ലഭിക്കുന്നത്.