കരീബിയൻ ദ്വീപിൽ മക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കുന്ന ഒലിവർ; വൈറലായി അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്

January 6, 2024

കരീബിയന്‍ ദ്വീപില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് മക്കളും മരണപ്പെട്ടത്. വ്യാഴാഴ്ചയാണ് വിമാനപാകടത്തിന്റെ രൂപത്തില്‍ മരണമെത്തിയത്. സെന്റ് വിന്‍സെന്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തില്‍ നിന്നും സെന്റ് ലൂസിയയിലേക്കുള്ള വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. ( Christian Oliver Last instagram post with daughters )

മരണത്തിന് മുമ്പ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. മക്കളോടൊപ്പം കരീബിയന്‍ ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പുതുവത്സര രാവില്‍ കടലോരത്ത് സയാഹ്നം ആസ്വദിക്കുന്നത ചിത്രമാണ് ഒലിവര്‍ അവസാനമായി പങ്കുവച്ചത്. ചിത്രത്തില്‍ ഒലിവറിന്റെ പെണ്‍മക്കളെയും ചിത്രത്തില്‍ കാണാനാകും.

‘പറുദീസയില്‍ എവിടെ നിന്നോ ആശംസകള്‍! സമൂഹത്തിലേക്കും സ്‌നേഹത്തിലേക്കും…2024 ഞങ്ങള്‍ വരുന്നു’. ചിത്രത്തിന് താഴെ ഒലിവര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റിന് താഴെ ഒലിവറിനും മക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് ഉള്ളത്. ഭര്‍ത്താവിന്റെയും പെണ്‍മക്കളുടെയും വേര്‍പാട് അദ്ദേഹത്തിന്റെ ഭാര്യ എങ്ങനെ സഹിക്കുമെന്നാണ് ആരാധകരുടെ മനസുലക്കുന്നത്. നിങ്ങളുടെ മക്കളുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നതല്ല. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്.

ജെസീക്ക മുറോസാണ് ക്രിസ്റ്റ്യന്‍ ഒലിവറിന്റെ ഭാര്യ. 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മുന്‍ ഭര്‍ത്താവിന്റെയും രണ്ട് പെണ്‍മക്കളുടെയും ദാരുണമരണത്തെക്കുറിച്ച് ജെസീക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

കരിയറിലെ ആദ്യകാല വേഷങ്ങളില്‍ ”സേവ്ഡ് ബൈ ദി ബെല്‍: ദി ന്യൂ ക്ലാസ്” എന്ന ടിവി സീരീസും ”ദ ബേബി സിറ്റേഴ്സ് ക്ലബ്” എന്ന സിനിമയും ഉള്‍പ്പെടുന്നു. കോബ്ര 11 സീരിസാണ് ഒലിവറിന് ശദ്ധ നേടിക്കൊടുത്തത്. ജോര്‍ജ്ജ് ക്ലൂണിക്കൊപ്പം ”ദ ഗുഡ് ജര്‍മ്മന്‍” എന്ന ചിത്രത്തിലും 2008 ലെ ആക്ഷന്‍-കോമഡി ചിത്രമായ ”സ്പീഡ് റേസര്‍” എന്ന ചിത്രത്തിലും ഒലിവര്‍ പ്രത്യക്ഷപ്പെട്ടു. ടോം ക്രൂയിസ് ചിത്രമായ ”വാല്‍ക്കറി”യിലെ വേഷം ഉള്‍പ്പെടെ 60-ലധികം സിനിമകളും ടിവി ക്രെഡിറ്റുകളും അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു.

Story highlights : Christian Oliver Last instagram post with daughters