‘ഈ ദിവസമാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചത്’ – ഹൃദയം തൊട്ട് ആര്യയുടെ കുറിപ്പ്

November 12, 2019

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതരകയാണ് ആര്യ. കുസൃതിയും തമാശയും നിറഞ്ഞ സംസാരത്തിലൂടെ ആര്യ പ്രേക്ഷകരെ കുറഞ്ഞ കാലം കൊണ്ട് കയ്യിലെടുത്തു. സിനിമയിലും സീരിയലിലും ബിസിനസ്സിലും  സജീവമായ ആര്യ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച സംഭവത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. അച്ഛനുമായി വൈകാരികമായി ഒരുപാട് അടുപ്പം കാത്ത് സൂക്ഷിച്ചിരുന്ന ആര്യ, അച്ഛന്റെ അപ്രതീക്ഷിത മരണത്തെ കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. കഴിഞ്ഞ വർഷം നവംബർ പതിനൊന്നിനായിരുന്നു ആര്യയുടെ അച്ഛന്‍റെ മരണം.

ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് 

ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എത്ര കരുത്തയാണെന്നു തിരിച്ചറിഞ്ഞ ദിവസമാണിത്. ഈ ദിവസമാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് എനിക്കെന്റെ അച്ഛനെ എന്നന്നേക്കുമായി നഷ്ടമായത്. ഏകദേശം ഇതേ ദിവസം ഇതേ സമയത്താണ് ആ വാതിൽ കടന്നെത്തി നഴ്‌സ് അച്ഛനെ ഒന്ന് പോയി കണ്ടോളു എന്ന് പറയുന്നത്..

അവിടെ വായ തുറന്നു കണ്ണുകളടച്ച് തണുത്ത് മരവിച്ച് ചലനമറ്റ നിലയിൽ ഞാൻ അച്ഛനെ കണ്ടു. എന്നിൽ അവശേഷിച്ച സകല ധൈര്യവും ആർജിച്ച് അച്ഛനെ ഉണർത്താൻ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ പലതവണ വിളിച്ചു, കാരണം അച്ഛനെ അങ്ങനെ നഷ്ടമാക്കാൻ എനിക്ക് പറ്റില്ലായിരുന്നു… അന്ന് സംഭവിച്ചത് ഉള്‍ക്കൊള്ളാന്‍ ഞാൻ ഒരുക്കമല്ലായിരുന്നു. പക്ഷെ വിധിയെ തടുക്കാൻ സാധിക്കില്ലല്ലോ.. അച്ഛൻ പോയി.. ഒപ്പം എന്റെ കാൽച്ചുവട്ടിലെ മണ്ണും.

അച്ഛാ, ജീവിതത്തിലെ ഓരോ നിമിഷത്തിലും ഞങ്ങൾ അച്ഛനെ മിസ് ചെയ്യുന്നു.  കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്നും വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ സഹായിച്ചതിന് നന്ദി… എന്റെ ഉയർച്ച താഴ്ചയിൽ കൈപിടിച്ചുനടത്തിയതിനും നന്ദി.. ഞാൻ ആശ്രയിച്ച അദൃശ്യമായ തോളുകൾക്ക് നന്ദി… അതിലുമുപരി ഏറ്റവും നല്ലൊരു അച്ഛനായതിനു നന്ദി.. കൂടുതൽ കൂടുതൽ ഞാൻ അച്ഛനെ സ്നേഹിക്കുന്നു… അച്ഛനാണെന്റെ ജീവിതം..

read more : 800 കോടി ആസ്തിയുള്ള പട്ടൗഡി പാലസ് തിരികെ നേടാൻ സെയ്ഫ് അലി ഖാൻ നടത്തിയത് വലിയ പോരാട്ടം

അച്ഛന്റെയും അതിനു പിന്നാലെ സഹോദരന്റെയും വേർപാട് ആര്യയെ ഒരുപാട് തളർത്തിയിരുന്നു. അതിനു ശേഷമാണ് വസ്ത്ര വ്യാപാര ബിസിനസുമായി ആര്യ സജീവമായത്.